February 17, 2019

​നടത്തിയ വിധങ്ങൾ ഓർത്താൽ…

ക്രിസ്തീയ പത്രത്തിന്റെ മാന്യ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനങ്ങൾ !

ഡിസംബർ ഒന്നാം തിയതി അഥവാ ഇന്ന് ക്രിസ്തീയ പത്രം ഒന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്..

എളിയ തുടക്കത്തെ മാനിച്ച സർവ്വ കൃപാലുവായ ദൈവത്തിന് ആദ്യമായി നന്ദി രേഖപ്പെടുത്തട്ടെ…

ഈ ചുരുങ്ങിയ സമയം കൊണ്ട് ക്രൈസ്തവ കൈരളി ഇരുകൈകളും നീട്ടി ഞങ്ങളെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനും ഒരു പാടു നന്ദി…..

സോഷ്യൽ മീഡിയയിലെ ഓൺലൈൻ പത്രങ്ങളുടെ മത്സരങ്ങളിൽ നിന്നും ഞങ്ങൾ വഴി മാറി സഞ്ചരിക്കുന്നു. ഏറ്റുമുട്ടലോ, വിവാദങ്ങളോ, സഭ്യമല്ലാത്ത വിമർശനങ്ങളോ, വ്യക്തിഹത്യകളോ ഞങ്ങളുടെ ശൈലിയല്ല.  എതിരെ വരുന്നവരെ ഏറ്റുമുട്ടി പരാജയപ്പെടുത്താതെ ഞങ്ങൾ വഴി മാറി നടക്കുന്നു….

കഴിഞ്ഞ ഒരു വർഷം; തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ട്. വായനക്കാരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

ക്രിസ്തീയ സമൂഹത്തിന്റെ അപചയങ്ങൾക്ക് എതിരെ കണ്ണടക്കാതെ കിയാത്മകമായി ഇടപെടാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ട്.

പ്രമുഖപെന്തക്കോസ്തു സഭകളുടെ ഇലക്ഷൻ റിപ്പോർട്ട് തത്സമയം റിപ്പോർട്ട് ചെയ്തപ്പോൾ ‘പത്ര’ത്തിൽ സന്ദർശകരുടെ തിരക്കേറി.. പത്രത്തിന്റെ പെട്ടന്നുള്ള വളർച്ചയിൽ അസൂയ പൂണ്ടവർ സൈബർ അറ്റാക്ക് ചെയ്തു. വൈറസ് കടത്തിവിട്ട് സൈറ്റ് നിശ്ചലമാക്കി. മെയ് മാസത്തിൽ ഹാക്ക് ചെയ്യപ്പെട്ടു. ഒരു മാസം അടച്ചിട്ട് ആദ്യം മുതൽ വർക്ക് ചെയ്തു പുന:സ്ഥാപിച്ചു.

ഞങ്ങൾക്ക് അവകാശവാദങ്ങൾ ഒന്നുമില്ല. വളരെ ഒച്ചപ്പാടുകളോ, പരസ്യങ്ങളോ ഇല്ലാതെയാണു് ഈ മേഖലയിലേക്ക് ചുവട് വച്ചത്. ഞങ്ങൾക്ക് ഞങ്ങളുടേതായ വഴികൾ ഉണ്ട്. ഏറ്റുമുട്ടലുകൾ ഉണ്ടാക്കാതെ ക്ഷമ ചോദിക്കണ്ടാത്ത ഇടത്തു പോലും ക്ഷമ ചോദിച്ച് ദൈവസ്നേഹം പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നു………

ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ … പ്രക്ഷുബ്ദമായ മനുഷ്യമനസ്സുകളിൽ ഒരല്പം കുളിർമ പകരാൻ കഴിയുന്നുവെങ്കിൽ ഞങ്ങൾ കൃതാർത്ഥരായി..

ഈടുറ്റ ലേഖനങ്ങൾ, കഥ, കവിത, തത്സമയ വാർത്താ സംപ്രേഷണം എന്നു വേണ്ട നാം ആഗ്രഹിക്കുന്നതെല്ലാം നമ്മുടെ വിരൽ തുമ്പിൽ!

നന്ദി ചൊല്ലാൻ വാക്കുകൾ ഇല്ല … നിറഞ്ഞ പുഞ്ചിരിയോടെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി… ഹൃദയംഗമമായ നന്ദി.  സമയാസമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ തന്നു പ്രോത്സാഹിപ്പിച്ച വായനക്കാരും അഭ്യുദയകാംക്ഷികളുമാണ് ഞങ്ങളുടെ ബലം. ഇതിലെ എഴുത്തുകാർക്കും പ്രതിനിധികൾക്കും വാർത്തകൾ തത്സമയങ്ങളിൽ തന്ന് സഹായിക്കുന്നവർക്കും സ്നേഹാദരവോടെ നന്ദി പറയുന്നു… തുടർന്നും നിങ്ങൾ കൂടെ ഉണ്ടാകണം..

നമുക്കൊരുമിച്ച് ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്യേണ്ടതായിട്ടുണ്ട് .നാം ഓരോരുത്തരും ക്രിസ്തുവിന്റെ പത്രങ്ങളാണ്… നമ്മെ കാണുന്നവർ യേശുവിനെ കാണണം…

…… എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തീയ പത്രത്തിന്റെ ക്രിസ്തുമസ്സ് പുതുവത്സര ആശംസകൾ…..!