December 10, 2018

​ഞാൻ എന്തിനു പിണങ്ങണം ? 

നമ്മുടെ  കടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും, ഇടയ്ക്കു  വീട്ടിൽ  വരുകയും ഭക്ഷണം കഴിക്കുകയും, വിശേഷങ്ങൾ ആരായുകയും, സന്തോഷം പങ്കിടുകയും , പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന  ഒരു ഉറ്റ കുടുംബ സുഹൃത്ത് / വിശ്വാസി / പാസ്റ്റർ. ഇങ്ങനെയുള്ള  സൗഹൃദം നമുക്ക് ഒരു അഭിമാനവും, ആശ്വാസവും ആണ് .
ഇങ്ങനെയുള്ള ഒരു ഉറ്റ കുടുംബ സുഹൃത്ത് നമ്മുടെ വീട്ടിൽ ഒരാൾ പെട്ടന്നു രോഗിയായി കിടക്കുന്നു എന്നറിയിച്ചിട്ട്, ഒന്നു വരികയോ, ഫോൺ വിളിക്കുകയോ ചെയ്തില്ലയെങ്കിൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? ഈ രോഗി ആയ വ്യക്തി മരിച്ചു എന്നറിഞ്ഞിട്ടുപോലും നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്നു എന്ന് നാം വിശ്വസിച്ചിരുന്ന ഈ വ്യക്തി ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല എങ്കിൽ നമ്മുടെ മനോഭാവം എന്തായിരിക്കും?  പിന്നീട് ഒരിക്കലും ആ സുഹൃത്തിനെ നമ്മൾ സ്നേഹിക്കുകയോ, വിശ്വസിക്കുകയോ, വീട്ടിൽ കയറ്റുകയോ ചെയ്യില്ല അല്ലേ.

അതെ അതാണ് സത്യം .

ഇന്നു പല സഭകളിലും പ്രശ്നങ്ങൾ  ഉണ്ടാകുവാൻ കാരണം ഇതൊക്കെയാണ് (വന്നില്ല , വിളിച്ചില്ല , സഹകരിച്ചില്ല ..) .

എന്നാൽ വചനത്തിൽ നാം വായിക്കുന്നു (യോഹന്നാൻ 11:20)   യേശു വരുന്നു എന്നു കേട്ടിട്ട് മാർത്ത അവനെ എതിരേല്പാൻ ചെന്നു.
സഹോദരന് സുഖമില്ല, അസുഖം കൂടുതൽ ആണ് എന്ന് ആളെ വിട്ടു അറിയിച്ചു, (യോഹന്നാൻ 11:3 ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്‌ക്കിടക്കുന്നു എന്നു പറയിച്ചു.)   അസുഖം കൂടി മരിച്ചു പോയ വാർത്തയും അറിഞ്ഞു , ദിവസങ്ങൾ 3  കഴിഞ്ഞു എന്നിട്ടും ഗുരു (യേശു) ഒന്നു ചെല്ലുകയോ അന്വേഷിക്കുകയോ ചെയ്തില്ല . നാലാമത്തെ ദിവസം ആണ് ഗുരു അവിടെ എത്തുന്നത് .

പട്ടണ വാതിൽക്കൽ ഗുരു എത്തിയപ്പോഴേക്കും ആ വാർത്ത അറിഞ്ഞു അങ്ങോട്ടേക്ക് ഓടി ചെല്ലുന്ന മാർത്ത. എത്ര നിഷ്കളങ്ക സ്നേഹം അല്ലേ…  കഷ്ടദിവസത്തിൽ വരികയോ , ആശ്വസിപ്പിക്കുകയോ ചെയ്യാത്ത ഗുരു, എങ്കിലും ഗുരു വരുന്നു എന്നറിഞ്ഞപ്പോൾ ഓടി ചെല്ലുകയാണ് എതിരേൽക്കുവാൻ. ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ല മാർത്ത  ഓടി ചെല്ലുന്നത്.
ദൈവമക്കൾക്കു മാതൃകയാക്കാൻ പറ്റിയ പരിഭവം ഇല്ലാത്ത നിഷ്കളങ്ക സ്നേഹം…   നമുക്കും, നമ്മുടെ മാതാപിതാക്കളെ,  സഹോദരങ്ങളെ, കൂട്ടു വിശ്വാസികളെ, ദൈവദാസന്മാരെ , അയൽവാസികളെ ഇതുപോലെ   സ്നേഹിക്കാം.  അവർ നമ്മളുടെ കഷ്ട ദിവസത്തിൽ നമ്മെ  ശ്രദ്ധിച്ചു എന്നുവരില്ല…  എങ്കിലും മാർത്തയെ പോലെ  ഹൃദയങ്കമായി പരിഭവം ഇല്ലാതെ സ്നേഹിക്കാം, അപ്പോൾ ദൈവ പ്രവൃത്തി നമ്മുടെ ജീവിതത്തിൽ വെളിപ്പെടും. അതിലൂടെ ദൈവനാമം മഹത്വപ്പെടും.